വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്കാക്കിയത്.

30ന് താന്‍ നാട്ടിലെത്തുമെന്ന് വിജയ്ബാബു കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ 31നോ ഒന്നിനോ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാം. അഥവാ വന്നില്ലെങ്കില്‍ 31ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളും. വിജയ്ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ടിക്കറ്റിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാനും കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ടിക്കറ്റിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചത്.

കോടതിയുടെ നിയമപരിധിയില്‍ പ്രതി വരുന്നതാണ് പ്രോസിക്യൂഷനും പരാതിക്കാരിയ്ക്കും ബന്ധപ്പെട്ടവര്‍ക്കും നല്ലതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ഗോപിനാഥ് കഴിഞ്ഞദിവസം വാക്കാല്‍ പറഞ്ഞിരുന്നു. അതേസമയം കോടതിയ്ക്ക് മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും പ്രതിയുടെ കാരുണ്യം ആവശ്യമില്ലെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമവ്യവസ്ഥയില്‍ നിന്നും കടന്നുകളഞ്ഞ പ്രതിയെ എന്തുവന്നാലും പിടികൂടുമെന്നും ഇതിന് ലഭ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *