പാകിസ്താന്റെ വിമര്‍ശനത്തിന് രൂക്ഷ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര നടത്തിയ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള പാകിസ്താന്റെ വിമര്‍ശനത്തിന് രൂക്ഷ പ്രതികരണവുമായി ഇന്ത്യ.

രാജ്യത്തിന്റെ കേന്ദ്ര ഭരണപ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ പാകിസ്താന് അധികാരമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

പതിവ് വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിഷയത്തില്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണവും കേന്ദ്രഭരണപ്രദേശത്ത് സംഭവിച്ച മാറ്റങ്ങളും ഇത്തരത്തിലുള്ള ഏത് ചോദ്യങ്ങള്‍ക്കുമുള്ള വ്യക്തമായ ഉത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ കശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന പാക് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തെ അദ്ദേഹം വിമര്‍ശിച്ചു. നാടകമാണെന്ന ആ വാക്ക് എനിക്ക് മനസ്സിലാകുന്നില്ല. ‘ഇത് കേട്ടാല്‍ തോന്നും സന്ദര്‍ശനം നടന്നിട്ടില്ലെന്നും അങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ വരുത്തിത്തീര്‍ക്കുകയാണെന്നും’ അരിന്ദം ബാഗ്ചി പറഞ്ഞു.

ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. കശ്മീരില്‍ ടൂറിസം വീണ്ടും വളര്‍ന്നുവെന്നും കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും കശ്മീര്‍ താഴ്വരയിലും നടപ്പാക്കിയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *