കണ്ണൂരില്‍ കെ. റെയില്‍ കല്ലിടലും ശക്തമായ പ്രതിഷേധവും

കണ്ണൂര്‍: കണ്ണൂരില്‍ കെ. റെയില്‍ കല്ലിടലും പ്രതിഷേധവും. കണ്ണൂര്‍ എടക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടല്‍ നടന്നത്.

കല്ലിടാന്‍ അധികൃതര്‍ എത്തിയതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ അടക്കമുള്ളവര്‍ പൊലീസ് വാഹനത്തിന് മുന്നില്‍ നിന്നും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം നിര്‍ത്തി വച്ചിരുന്ന കല്ലിടല്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.

ജനവാസ മേഖലയിലാണ് കല്ലിടാന്‍ അധികൃതര്‍ എത്തിയത്. പ്രദേശത്തെ ആളില്ലാതിരുന്ന വീടിന് സമീപത്തെ മതിലിനരികില്‍ കല്ലിടാനെത്തിയത് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ എത്തുകയും കല്ലിടാന്‍ തങ്ങള്‍ക്ക് സമ്മതമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഉടമസ്ഥരുടെ സമ്മതമില്ലാതെ കല്ലിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ അധികൃതര്‍ കല്ല് നാട്ടി. ഇത് പിഴുത് മാറ്റുമെന്ന് വീട്ടുടമയും അറിയിച്ചു.

കെ റെയില്‍ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മുന്‍കൂട്ടി അറിയിക്കാതെയാണ് കല്ലിടാന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ കൈവശം സര്‍വേ നമ്ബര്‍ മാത്രമാണുള്ളതെന്നും മുന്‍കൂട്ടി അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സര്‍വേ അധികൃതര്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *