ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചീഫ് സെക്രട്ടറിയാണ് ജോസഫ് സി മാത്യുവിനെ സംവാദത്തിന് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് ജോസഫ് സി മാത്യു സമ്മതിക്കുകയും ചെയ്തു. കെ റെയില്‍ കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഒഴിവാക്കല്‍ ദുരൂഹമാണ്.

സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയില്‍ എം ഡിയുടെ സ്ഥാനം? പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാറില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.

ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരും ഉന്നത സി പി ഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സര്‍ക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാറാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *