രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2451 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 2451 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി മൂന്നാംദിവസമാണ് രോഗബാധിതരുടെ എണ്ണം 2,000 കടക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് നാലാം തരംഗത്തിലേക്ക് വിരല്‍ ചൂണ്ടുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. രോഗമുക്തി നിരക്ക് ഉയരുന്നു എന്നത് ആശ്വാസത്തിന് ഇടനല്‍കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

പലയിടങ്ങളിലും പുതിയ കോവിഡ് കഌസ്റ്ററുകള്‍ രൂപം കൊള്ളുന്നതാണ് ആശങ്ക കടുപ്പിക്കുന്നത്. കഴിഞ്ഞദിവസം മദ്രാസ് ഐഐടിയിലെ 12 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പതിനെട്ടുപേരെ പരിശോധിച്ചപ്പോഴാണ് പന്ത്രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ജനിതക മാറ്റം വന്ന പുതിയ വകഭേദമാണോ അതോ പഴയ വകഭേദം തന്നെ രോഗം പരത്തുകയാണോ എന്നതും അവ്യക്തം. ജനങ്ങളില്‍ പ്രതിരോധശേഷി കുറയുന്നതും നിയന്ത്രണങ്ങളിലെ അലംഭാവവും കാരണമായേക്കാം. മൂന്നാം തരംഗത്തിനുശേഷം രോഗികളുടെ എണ്ണത്തില്‍ കുറവുവന്നതോടെ പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു.

ആഗോള തലത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന വകഭേദമായ ഒമിക്രോണിന് നാല് ഉപവിഭാഗങ്ങളാണുള്ളത്. ബിഎ1, ബിഎ2,ബിഎ3, ബിഎ4. ഇതില്‍ ബിഎ1, ബിഎ2 എന്നിവയാണ് ഇന്ത്യയില്‍ കൂടുതലായി കാണപ്പെടുന്നത്. ബിഎ1, ബിഎ2 എന്നിവയുടെ സങ്കര ഇനമായ എക്‌സ് ഇയും ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *