ഏറ്റവും വലിയ മറൈന്‍ സര്‍വീസ് കമ്പനി സ്വന്തമാക്കി അദാനി ഗ്രൂപ്പ്‌

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ മറൈന്‍ സര്‍വീസ് കമ്പനിയായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡ് ഇനി അദാനി ഗ്രൂപ്പിന് സ്വന്തം.

ഇന്ത്യയിലെ ഒന്നാമതുളളതും ലോകത്തെ ആകെ മറൈന്‍ കമ്പനികളില്‍ 11ാം സ്ഥാനത്തുളളതുമാണ് ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡ്. കമ്പനിയുടെ 100 ശതമാനം ഓഹരികളും അദാനി ഹാര്‍ബര്‍ സര്‍വീസ് ലിമിറ്റഡ് (എപിഎസ്ഇഇസഡ്) ഏറ്റെടുത്ത് കരാറായി. ഒഎസ്എല്‍, അദാനി ഹാര്‍ബര്‍ സര്‍വീസസ് എന്നിവ ഒന്നിക്കുമ്പോള്‍ ബിസിനസ് അഞ്ച് വര്‍ഷത്തിനകം ഇരട്ടിയാകാന്‍ സാദ്ധ്യതയുണ്ടെന്ന്. ആപ്‌സെസ് ഡയറക്ടറും സിഇഒയുമായ കരണ്‍ അദാനി അറിയിച്ചു.

ഇന്ത്യയിലെ മറൈന്‍ സര്‍വീസ് മാര്‍ക്കറ്റിലും മറ്റ് രാജ്യങ്ങളിലും ഗണ്യമായ സ്വാധീനമാകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അദാനി ഹാര്‍ബര്‍ സര്‍വീസ് ലിമിറ്റഡിന്റെ കണക്കുകൂട്ടല്‍ ഇതുവഴി 2030ഓടെ ആഗോളതലത്തില്‍ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായും രാജ്യത്തെ ഏറ്റവും വലിയ സംയോജിത ട്രാന്‍സ്‌പോര്‍ട് സംരംഭമായും മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഡ്രെഡ്ജിംഗ്, പൈലറ്റേജ്, ടവേജ് മുതലായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 94 കപ്പലുകള്‍ സ്വന്തമായും 13 എണ്ണം വാടകയ്ക്കും എടുത്ത കമ്പനിയാണ് ഓഷ്യന്‍ സ്പാര്‍ക്കിള്‍. 1995ല്‍ പി.ജയ്‌രാജ് കുമാര്‍ ചെയര്‍മാനും എംഡിയുമായി സ്ഥാപിതമായ കമ്പനിയാണിത്. ആഗോളതലത്തില്‍ മറൈന്‍ സര്‍വീസില്‍ മികച്ച പരിചയമുളള കമ്ബനിയാണിത്. 92 ശതമാനം ടവേജ്, പൈലറ്റേജ് എന്നിവ വഴിയും എട്ട് ശതമാനം ഡ്രെഡ്ജിംഗ് വഴിയുമായാണ് കമ്പനി വരുമാനം. കമ്പനി ഏറ്റെടുക്കുന്നതോടെ അദാനി ഹാര്‍ബര്‍ സര്‍വീസസിന്റെ വരുമാനം 100 ശതമാനം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ വിഴിഞ്ഞം ഉള്‍പ്പടെ രാജ്യത്തെ എട്ടോളം തുറമുഖങ്ങളും വിശാഖപട്ടണം ഉള്‍പ്പടെ നാലോളം ടെര്‍മിനലുകളും രാജ്യത്ത് നടത്തുന്നത് അദാനി പോര്‍ട്‌സ് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *