ഐ എസ് എല്‍ : ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് ഫൈനല്‍ ഇന്ന്

മഡ്ഗാവ് : മലയാളികളുടെ മനസ്സിലിന്ന് മഞ്ഞക്കടലിരന്പും. ഐ എസ് എല്‍ കിരീടമെന്ന സ്വപ്‌നം പൂവണിയിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കത് നെഞ്ചിടിപ്പിന്റെ ഒന്നര മണിക്കൂര്‍.

ഗോവയിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. ലീഗ് മത്സരങ്ങളില്‍ നിന്ന് വിപരീതമായി തിങ്ങിനിറഞ്ഞ കാണിക്കൂട്ടത്തിന് മുന്നിലാണ് പോരാട്ടം അരങ്ങേറുക. നൂറ് ശതമാനം കാണികള്‍ക്കും സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ട്. ടിക്കറ്റുകള്‍ നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. നീലയില്‍ വെള്ള വരകളുള്ള ജഴ്‌സി യിലാണ് ബ്ലാസ്‌റ്റേഴ്്‌സ് ഇറങ്ങുക.

ഐ എസ് എല്‍ ചരിത്രത്തില്‍ രണ്ട് തവണ(2014, 2016)യാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. രണ്ട് തവണയും എ ടി കെയോട് പരാജയപ്പെട്ട് കപ്പില്ലാതെ മടങ്ങാനായിരുന്നു വിധി. ഇന്നാല്‍, ഇത്തവണ കാര്യങ്ങള്‍ പഴയപോലെയല്ല. സെര്‍ബിയക്കാരനായ ഇവാന്‍ വുകോമനോവിച് എന്ന സൂത്രശാലിയായ ആശാന്റെ കീഴില്‍ പുതിയൊരു ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഈ സീസണില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. തുടക്കം തോല്‍വികളോടെയായിരുന്നുവെങ്കിലും പതിയെ താളം കണ്ടെത്തിയ മഞ്ഞപ്പട പിന്നീട് കരുത്തരായ എതിരാളികളെ പോലും നിഷ്പ്രഭമാക്കി കുതിച്ചുകയറി. ഒരു ഘട്ടത്തില്‍ കൊവിഡിനെയും നിരന്തര പരുക്കിനെയും മറികടന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്ര.

Leave a Reply

Your email address will not be published. Required fields are marked *