രാജ്യസഭാ സീറ്റ്: ജെബി മേത്തര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കൊച്ചി: കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചു. ഹൈക്കമാന്റ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് നിലവില്‍ ജെബി മേത്തര്‍.

കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായാണ് കരുതുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍. ഇതൊരു നിയോഗമായി കരുതുന്നു. ഭരണഘടന പോലും ഭീഷണി നേരിടുന്ന കാലത്താണ് ഈ നിയോഗം എന്നില്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അതിനോട് കൂറ് പുലര്‍ത്തുമെന്നും ജെബി മേത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെ വലുതാണ്. അതിനോട് പൂര്‍ണമായും കൂറ് പുലര്‍ത്താനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഭരണഘടന സംരക്ഷണത്തിനും കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്തുന്നതിനുമാണ് ശ്രമിക്കുക. തന്റെ സ്ഥാനാര്‍ഥിത്വം വനിതകള്‍ക്ക്കൂടിയുള്ള അംഗീകാരമാണ്.

അവസരങ്ങള്‍ കിട്ടാത്ത ആളല്ല ഞാന്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും എനിക്ക് അവസരങ്ങള്‍ തന്നിട്ടുണ്ട്. 2010ലും 2015ലും 2020ലും കൈപ്പത്തി ചിഹ്നത്തില്‍ ആലുവ നഗരസഭയില്‍ മത്സരിക്കാന്‍ അവസരം കിട്ടി.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് പേര് പ്രഖ്യാപിച്ചതറിയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സുധാകരന്‍, ഉമ്മന്‍ചാണ്ടി സാര്‍, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുകയാണെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *