കെ.സുധാകരന്റെ ദേഹത്ത് ഒരു തരി മണ്ണിടാന്‍ സി.പി.എമ്മിനാവില്ല: വി.ഡി.സതീശന്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

കെ സുധാകരനെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സി വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്നും തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സി പി എം നേതാക്കള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി വി വര്‍ഗീസിനെതിരെ അന്വേഷണം നടത്തണം. അദ്ദേഹം മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയാണ്. കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് മണ്ണ് വാരിയിടാന്‍ സി പി എമ്മിനാകില്ല. ഇടുക്കിയിലെ എസ് എഫ് നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കൊലപാതകത്തിന് പിന്നാലെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയ എസ് എഫ് ഐ പ്രവര്‍ത്തകനെ വിലക്കിയത് സി വി വര്‍ഗീസ് ആണ്. കോണ്‍ഗ്രസ് ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല. ധിക്കാരവും ഭീഷണിയുമാണ് ഇടുക്കി സി പി എം സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായത്. ഗുണ്ടാ നേതാവിന്റെ ഭാഷയാണ് അദ്ദേഹത്തിന്. നികൃഷ്ട ജീവി പരാമര്‍ശത്തിന്റെ ചരിത്രം ഓര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ചെറുതോണിയില്‍ സി പി എം നടത്തിയ പൊതുയോഗത്തിലാണ് സി വി വര്‍ഗീസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കെ സുധാകരന്റെ ജീവിതം സി പി എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പപര്യമില്ലാത്തത് കൊണ്ട് മാത്രമാണിതെന്നുമാണ് സി വി വര്‍ഗീസ് ഇടുക്കിയില്‍ പ്രസംഗിച്ചത്. സി പി എമ്മിന്റെ കരുത്തിനെക്കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *