സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗ്രാനൈറ്റില്‍ തീര്‍ത്ത പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഹോളാഗ്രാം പ്രതിമ സ്ഥാപിക്കും. നേതാജിയുടെ 125ാം ജന്മ വാര്‍ഷികമായ ഈ മാസം 23ന് ഇന്ത്യാ ഗേറ്റിനു സമീപം ഹോളാഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേതാജിയോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകമാണ് ഈ പ്രതിമയെന്നും പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

28അടി ഉയരവും ആറടി വീതിയിലുമുള്ള പ്രതിമയാവും സ്ഥാപിക്കുന്നത്. ഇതിന് മുമ്ബ് കിന്റ് ജോര്‍ജ് അഞ്ചാമന്റെ പ്രതിമയാണ് ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ 1968ല്‍ ഈ പ്രതിമ നീക്കംചെയ്യുകയായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സന്തോഷം പ്രകടിപ്പിച്ചു.

ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് നേതാജി. ഇന്ത്യയുടെ ധീരപുത്രന്റെ അനശ്വര സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ 125ാം ജയന്തി ദിനത്തില്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിമ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം വരുംതലമുറയ്ക്കും പ്രചോദനമാകുമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.

ദേശീയ തലസ്ഥാനത്ത് നടക്കുന്ന റിപബ്ലിക് ദിന പരേഡിന് നേതാജിയെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ പശ്ചിമ ബംഗാളിന്റെ ടാബ്ലോ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനെച്ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ് മോദിയുടെ ഈ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *