രവീന്ദ്രന്‍ പട്ടയങ്ങള്‍ ഒരു ഉപകാരവുമില്ലാത്തതാണെന്ന് റവന്യൂമന്ത്രി കെ രാജന്‍

ഇടുക്കി : രവീന്ദ്രന്‍ പട്ടയങ്ങള്‍ ഒരു ഉപകാരവുമില്ലാത്തതാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഇതിന് നിയമസാധുതയില്ല. നിലവിലുള്ളത് നികുതി അടക്കാനോ, ലോണെടുക്കാനോ കഴിയാത്ത പട്ടയമാണ്. രവീന്ദ്രന്‍ പട്ടയം തിരികെ വാങ്ങി അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് നടപടി ക്രമങ്ങളിലെ വീഴ്ചയുണ്ടായിരുന്നു. നിലവില്‍ 146 പട്ടയങ്ങള്‍ പരിശോധിച്ചു. 33 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തി. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. 2019 ജൂണിലാണ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയത്. അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കുകയും അല്ലാത്തവ റദ്ദാക്കുകയും ചെയ്യും. രവീന്ദ്രന്‍ പട്ടയങ്ങളില്‍ ചിലത് മാത്രം നിലനിര്‍ത്താനാകില്ല. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ആരേയും കുടിയിറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സി പി എം ഓഫീസുകളെക്കുറിച്ച് വിവാദങ്ങള്‍ക്ക് ആവശ്യമില്ല. ഇടുക്കി സി പി എം ഓഫീസിന് പട്ടയം നല്‍കും. അര്‍ഹതയുള്ളവര്‍ക്ക് ഭൂമിയും പട്ടയവും നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൂടുതല്‍ ആളുകളെ മണ്ണിന്റെ ഉടമകളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് രണ്ട് മാസത്തിനകം പട്ടയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *