സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കാതിരുന്നാല്‍ നടപടി എടുക്കുമോ എന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കാതിരുന്നാല്‍ നടപടി എടുക്കുമോ എന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

വകുപ്പുകളോടു സഹായം അഭ്യര്‍ഥിച്ചു എന്നല്ലാതെ നിര്‍ബന്ധമായി പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കോടതിയും ഹര്‍ജിക്കാരെ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നു നിരീക്ഷിച്ച കോടതി സര്‍ക്കാരിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കുന്നതിനല്ലേ ഇതെന്ന് ആരാഞ്ഞു.
നിര്‍ബന്ധിത സ്വഭാവം ഇല്ലാത്തിടത്തോളം സര്‍ക്കാരിന് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വനിതാ മതിലിന്റെ ചെലവിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ദുരിതാശ്വാസ ഫണ്ടില്‍ നിന്നു തുക ചെലവഴിക്കാനാണു നീക്കമെങ്കില്‍ തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *