തിപക്ഷ ബഹളത്തേത്തുടര്‍ന്നു നിയമസഭ ഇന്നും പിരിഞ്ഞു; സ്പീക്കര്‍ ശക്തമായി വിമര്‍ശിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്നു നിയമസഭ ഇന്നും പിരിഞ്ഞു. മൂന്ന് എംഎല്‍എമാര്‍ പത്തു ദിവസമായി സത്യഗ്രഹം നടത്തിയിട്ടും ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചാണു പ്രതിപക്ഷം ബഹളം തുടങ്ങിയത്. ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. പ്രതിപക്ഷ നടപടിയെ സ്പീക്കര്‍ ശക്തമായി വിമര്‍ശിച്ചു.


പ്രതിപക്ഷം പ്രതിഷേധത്തിന്റെ അതിരുകള്‍ ലംഘിക്കുകയാണെന്നും സീറ്റുകളിലേക്കു മടങ്ങണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ചെയറിന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധ രീതി വേദനാജനകവും നിര്‍ഭാഗ്യവുമാണ്. ഇതു ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ വഴങ്ങാന്‍ കൂട്ടാക്കാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ പാസാക്കിയത്.
ഹൈബി ഈഡന്‍, ഐ.സി. ബാലകൃഷ്ണന്‍, ടി.വി. ഇബ്രാഹിം, എം. വിന്‍സന്റ്, ശബരിനാഥ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണു സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം വെച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു നിയമസഭാ കവാടത്തില്‍ കഴിഞ്ഞ പത്തു ദിവസമായി പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹം നടത്തുന്നത്. വ്യാഴാഴ്ച സഭ പിരിയും.

Leave a Reply

Your email address will not be published. Required fields are marked *