കണ്ണൂര്‍ വി.സി നിയമനം: ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കണ്ണൂര്‍ വി.സി നിയമനം ചോദ്യംചെയ്ത് നല്‍കിയ അപ്പീലില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് അയയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

പ്രത്യേക ദൂതന്‍വഴിയാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് അയക്കുക. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കും നേരിട്ടും കോടതി നോട്ടീസ് നല്‍കി.

വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഹര്‍ജിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് നടപടി എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

വിസിയുടേത് പുനര്‍ നിയമനമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചട്ട വിരുദ്ധത ഇല്ലെന്ന തീരുമാനത്തിലേക്ക് സിംഗിള്‍ ബെഞ്ച് എത്തിയത്. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക കൗണ്‍സില്‍ അംഗ ഡോ. ഷിനോ പി ജോസഫ് എന്നിവരാണ് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ക്രിസ്തുമസ് അവധിക്ക് ശേഷം അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *