വേദ നിലയത്തിന്റെ താക്കോലുകള്‍ ജയലളിതയുടെ അനന്തരവരായ ദീപ ജയകുമാറിനും ദീപക് ജയകുമാറിനും കൈമാറി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദ നിലയത്തിന്റെ താക്കോലുകള്‍ അവരുടെ അനന്തരവരായ ദീപ ജയകുമാറിനും ദീപക് ജയകുമാറിനും കൈമാറി.

സ്വത്തിനുവേണ്ടിയുള്ള നിയമയുദ്ധത്തില്‍ കോടതി, ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ജയലളിതയുടെ നിയമപരമായ പിന്തുടര്‍ച്ചക്കാരായ ഇരുവര്‍ക്കും താക്കോല്‍ കൈമാറണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ചെന്നൈ ജില്ലാ കലക്ടറാണു താക്കോലുകള്‍ കൈമാറിയത്.

താക്കോല്‍ കൈമാറിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ദീപ പോയസ് ഗാര്‍ഡന്‍ വസതിയിലെത്തി.
ദീപ, ഭര്‍ത്താവ് മാധവന്‍, അനുയായികള്‍ എന്നിവര്‍ ജയലളിതയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

‘അമ്മായിയുടെ (ജയലളിത) അഭാവത്തില്‍ ഇതാദ്യമായാണ് ഞാന്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. വീട് ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുന്നു. അമ്മായി ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്തിട്ടുണ്ട്,’ ദീപ പറഞ്ഞു. ജയലളിതയുടെ വീട്ടില്‍ താമസിക്കാനാണ് താത്പര്യമെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ വസതിയായ വേദനിലയം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി നിയമപരമായ അവകാശികള്‍ക്ക് വിട്ടുനല്‍കാന്‍ നവംബര്‍ 24ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വഴിയൊരുക്കിയതിനെ തുടര്‍ന്നാണ് താക്കോല്‍ ദീപയ്ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *