ബന്ദിപോര ജില്ലയില്‍ ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: കാശ്മീരിലെ ബന്ദിപോര ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം. ബന്ദിപോരയിലെ ഗുല്‍ഷന്‍ ചൗക്കിലാണ് സംഭവം.

സ്ഥലത്തെ പൊലീസ് സംഘത്തിന് നേരെ ഇവിടെയെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നിവര്‍ മരണമടഞ്ഞു.

വെടിവയ്പ്പില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ സുരക്ഷാ സേന ഇവിടം വളഞ്ഞിരിക്കുകയാണ്.

കാശ്മീര്‍ താഴ്‌വരയില്‍ അന്യ സംസ്ഥാനക്കാരായ ജോലിക്കാരുടെ നേരെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും നേരെ ആക്രമണങ്ങള്‍ കഴിഞ്ഞ രണ്ട് മാസമായി പതിവാണെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നുണ്ടായ ആക്രമണം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തന്നെയായിരുന്നു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള ആദരാഞ്ജലി അര്‍പ്പിച്ചു. തീവ്രവാദികള്‍ക്കായി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *