ചലച്ചിത്രനാടക പിന്നണി ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

കൊച്ചി: ചലച്ചിത്രനാടക പിന്നണി ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചി ഇടപ്പളളിയിലെ വീട്ടിലായിരുന്നു അന്ത്യം.

ചവിട്ടുനാടക കലാകാരന്‍ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മകനായാണ് രണ്ടാമത്തെ ആന്റോയുടെ ജനനം. സി. ഒ ആന്റോ ആദ്യമായി പാടിയ മധുരിക്കും ഓര്‍മ്മകളേ, മലര്‍മഞ്ജം കൊണ്ടുവരൂ..എന്ന ഗാനം ആന്റോ പാടി വലിയ പ്രശസ്തി നേടാന്‍ കാരണമായി. ഹിന്ദി ചലച്ചിത്ര ഗാനങ്ങളാണ് ആന്റോയെ കുട്ടിക്കാലത്ത് തന്നെ പാട്ടിന്റെ വഴിയിലേക്ക് തിരിച്ചത്. മുഹമ്മദ് റഫി, മുകേഷ്, ലതാ മങ്കേഷ്‌കര്‍ എന്നിവരുടെ ഗാനങ്ങള്‍ കേട്ടുപഠിച്ച് ഇടപ്പളളിയിലെ കോമള മ്യൂസിക്കല്‍ ആര്‍ട്‌സില്‍ പാടി.

പിന്നീട് വിമോചന സമരകാലത്ത് കോണ്‍ഗ്രസ് നാടകങ്ങള്‍ക്ക് പാടാന്‍ മുന്‍ കേന്ദ്രമന്ത്രി എ.സി ജോര്‍ജ് അദ്ദേഹത്തിന് അവസരം നല്‍കി. അതോടെ വിശാലമായ നാടകത്തിന്റെ ലോകത്ത് ആന്റോ എത്തി. പ്രശസ്ത നാടകകൃത്ത് സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ എന്ന നാടകമായിരുന്നു ആദ്യ പ്രൊഫഷണല്‍ നാടകം. പിന്നീട് കെ.എസ് ആന്റണി വഴി സിനിമയിലേക്കും ആന്റോ എത്തി.

‘പിന്നില്‍ നിന്ന് വിളിക്കും കുഞ്ഞാടുകള്‍’ എന്ന ഫാദര്‍ ഡാമിയന്‍ ചിത്രത്തിലെ ഗാനത്തിലൂടെ തുടങ്ങി ഹണി ബി 2എന്ന ചിത്രത്തിലെ ഗാനം വരെ ദീര്‍ഘമായ കാലം ചലച്ചിത്ര പിന്നണി ഗാനരംഗത്തെ സാന്നിദ്ധ്യമാകാന്‍ അദ്ദേഹത്തിനായി. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, പ്രവാസി പ്രണവധ്വനി അവാര്‍ഡ്, ചങ്ങമ്ബുഴ സാംസ്‌കാരിക കേന്ദ്രം അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *