ഇന്ത്യയിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. 66, 46 വയസുള്ള പുരുഷന്മാരിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശികളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്ബര്‍ക്കത്തിലായിരുന്ന 15ഓളം പെരെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഈ മാസം 16ാം തീയതിയും 20ാം തീയതിയുമാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ ന്യൂഡല്‍ഹി വഴി ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ 66കാരനിലാണ് ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇയാളുമായി സമ്ബര്‍ക്കത്തിലായിരുന്ന 46കാരനില്‍ പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.

ഇതുവരെ ഇരുപത്തിമൂന്ന് രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യു എ ഇയിലെ ഒരു സ്ത്രീയ്ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയില്‍ വൈറസ് കണ്ടെത്തിയതെന്ന് യു എ ഇ ആരോഗ്യ,? രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് യു എസില്‍ തിരിച്ചെത്തിയ ആളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു. നവംബര്‍ 22 നാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കാലിഫോര്‍ണിയയില്‍ എത്തിയത്.

ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഈ വ്യക്തിയ്ക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും, ക്വാറന്റീനിലാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *