പൂര്‍വ പിതാക്കന്‍മാര്‍ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാതോലിക്കാ ബാവ

കൊച്ചി : പിറവം വലിയപള്ളി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രേഷ്ഠ കാതോലിക്കാ ബാവ. പൂര്‍വ പിതാക്കന്‍മാര്‍ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാതോലിക്കാ ബാവ മാധ്യമങ്ങളെ അറിയിച്ചു. പിറവം പള്ളി വിഷയത്തില്‍ കോടതി അലക്ഷ്യം ഇല്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയാറാണെങ്കിലും ഓര്‍ത്തഡോക്‌സ് സഭ തയാറാകുന്നില്ല.


മരിക്കേണ്ടി വന്നാലും വിശ്വാസത്തില്‍നിന്നു പിന്‍മാറില്ല. പള്ളിയില്‍ പൊലീസ് വന്ന സാഹചര്യം ഏതെന്നു വ്യക്തമല്ല. എന്നാല്‍ സാഹചര്യം മനസ്സിലാക്കി പൊലീസ് പിന്‍വാങ്ങി. പ്രാര്‍ഥനാ യജ്ഞം അനിശ്ചിത കാലത്തേയ്ക്കു തുടരുന്നതിനാണ് തീരുമാനം.
തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ പിറവം പള്ളിയില്‍ സഭ എപ്പിസ്‌കോപ്പല്‍ സുനഹദോസ് ചേരും. മറ്റു പള്ളികളുടെ വിഷയങ്ങളും സുനഹദോസില്‍ ചര്‍ച്ച ചെയ്യും. യാക്കോബായ സഭയും വിശ്വാസികളും ആത്മസംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. പൊലീസിനെ പള്ളിയില്‍ ഇറക്കിയതിന്റെ ചെലവ് ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് ഈടാക്കണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *