കേന്ദ്രസഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു

ന്യൂഡല്‍ഹി : കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. എന്‍ഡിഎയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നു രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി(ആര്‍എല്‍എസ്പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിരുന്നു.


വൈകിട്ടു വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ആര്‍എല്‍എസ്പിയുടെ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എല്‍എസ്പി ബിഹാറില്‍ 3 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതാണ് എന്‍ഡിഎ വിടാന്‍ ആര്‍എല്‍എസ്പിയെ പ്രേരിപ്പിച്ചത്.
ജെഡിയു വിട്ട ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങള്‍ ഉണ്ടെന്നാണ് ആര്‍എല്‍എസ്പി നേതൃത്വം നല്‍കുന്ന സൂചനകള്‍. വിശാല പ്രതിപക്ഷ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *