റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്നാണു പ്രഖ്യാപനം. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി നേരിട്ടു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. നോട്ട് നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഉര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് സൂചന.
സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പാണ് ഉര്‍ജിത് പട്ടേലിനു നേരിടേണ്ടിവന്നിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്നായിരുന്നു സംഘപരിവാര്‍ നിലപാട്. റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ധനത്തിന്റെ മൂന്നിലൊന്നു വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് ആപല്‍കരമാണെന്നു ബാങ്കും നിലപാടെടുത്തു.
തുടര്‍ന്ന് അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഉര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്. രഘുറാം രാജന്റെ ഒഴിവില്‍ 2016 സെപ്റ്റംബറിലാണ്, ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *