ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ തൃശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംഘമാണെന്നു കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ തൃശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംഘമാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ദൃശ്യങ്ങളില്‍ കാണുന്നത് ആരുടെ പ്രവര്‍ത്തകരാണെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണം.
സന്നിധാനത്തു തീര്‍ഥാടകയെ തടയുന്നതിനിടയില്‍ ‘അവളെ കൊല്ലെടാ’ എന്ന് ആരോ ആക്രോശിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ഇതാരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍, തിരുവനന്തപുരം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.


ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. യുവതീപ്രവേശത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നു വ്യക്തമാക്കണം. വനിതാ മതില്‍ യുവതീപ്രവേശത്തിനുള്ള ബോധവല്‍ക്കരണമാണോയെന്നു സര്‍ക്കാര്‍ പറയണം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ തന്നെ ഭിന്നതയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കാര്യങ്ങള്‍ വഷളാക്കിയത്. യുവതീപ്രവേശം സാധ്യമാക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ എന്തുകൊണ്ട് അതില്‍നിന്നു പിന്നിലേക്ക് പോയെന്നു വ്യക്തമാക്കണം. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കില്‍ അതു തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ എന്ന പേരില്‍ അറസ്റ്റ്‌ െചയ്ത തന്റെ പേരില്‍ പിന്നീട് അഞ്ച് കള്ളക്കേസുകള്‍ ചുമത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കേസുകള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്ക് ചായ വാങ്ങിച്ച് തന്നതിന്റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ എന്തൊക്കെ ഒത്താശകളാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നു സുരേന്ദ്രന്‍ പറഞ്ഞു.
എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും സമരമുഖത്തേയ്ക്ക് വന്നതില്‍ പിന്നെയാണ് സമരത്തിന് ജനകീയ സ്വാഭവം വന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *