മുല്ലപ്പെരിയാര്‍: വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മരവിപ്പിച്ച ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാനാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് തമിഴ്‌നാടിന് അനുമതി നല്‍കിയത്. ഉത്തരവ് മരവിപ്പിച്ചാല്‍ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. പി.സി.സി.എഫ് റാങ്കിലുള്ള ബെന്നിച്ചന്‍ തോമസ് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *