മുംബൈ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല

മുംബൈ: ലഹരിമരുന്ന് കേസില്‍ അകത്തായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ഈ മാസം എട്ടിനാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘം എന്‍ സി ബിയുടെ പിടിയിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് തവണയും മുംബയിലെ പ്രത്യേക കോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.

രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍ സി ബിയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് എന്‍ ഡി പി എസ് കോടതി ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്.

ആര്യന്‍ ഖാന്‍ നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആര്യന്‍ ഖാന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ചില ഗൂഢാലോചനകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും എന്‍ സി ബി വാദിച്ചു.

കേസിലുള്‍പ്പെട്ടിരുന്നവരില്‍ ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസ് ഖാനും മാത്രമാണ് നേരിട്ട് ബന്ധമുണ്ടായിരുന്നതെന്ന് പ്രതിഭാഗം വാദിക്കുമ്‌ബോഴും കപ്പലില്‍ ഉണ്ടായിരുന്നവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ സി ബി കോടതിയെ അറിയിച്ചു. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും എന്‍ സി ബി വാദിച്ചു. അന്വേഷണ സംഘത്തിന്റെ ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *