ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കില്ല: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. ഏതെങ്കിലും കാരണവശാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ആവശ്യമായ സുരാക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്തുള്ള സുരക്ഷിതമായ സ്‌കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താല്ക്കാലികമായി അവിടെ ക്ലാസ്സ് നടത്തുമെന്നും മന്ത്രി അറിയിച്ചു. അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ സുരക്ഷിതത്വത്തതിനും ആരോഗ്യത്തിനും തന്നെയാണ് സര്‍ക്കാര്‍ ഏറ്റവുമധികം പ്രധാന്യം കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉണ്ടായ മഴ അപ്രതീക്ഷിതമാണ്. വരുന്ന രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നതിന്റെ സൂചനകളുണ്ട്. സംസ്ഥാനത്ത് പല സ്ഥലത്തും വലിയ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും സ്‌കൂളുകളില്‍ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ സ്‌കൂള്‍ കെട്ടിടത്തില്‍ ഒരു കാരണവശാലും ക്ലാസ്സ് നടത്താന്‍ അനുവദിക്കില്ല.

ബന്ധപ്പെട്ട കോര്‍പറേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റോടു കൂടി മാത്രമേ സ്‌കൂള്‍ തുറക്കാന്‍ പാടുള്ളൂ. മഴ കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ സ്ഥാപിക്കുന്നതിനുള്ള പരിശ്രമം അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, പ്രാദേശികമായി രൂപീകരിക്കുന്ന കമ്മിറ്റി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *