രാജസ്ഥാനിലും തെലങ്കാനയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി: രാജസ്ഥാനിലും തെലങ്കാനയിലും തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രാജസ്ഥാനിൽ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്. രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് ബി.എസ്.പി സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മുൻ നിര ബിജെപി നേതാക്കൾ ഇന്ന് രാജസ്ഥാനിൽ പ്രചാരണത്തിനെത്തും. കോൺഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,777 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും കോൺഗ്രസ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം. മുഴുവൻ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇന്ന് സ്വന്തം മണ്ഡലമായ ഗജ്‍വേലിൽ ഉൾപ്പെടെ അഞ്ച് റാലികളിൽ പങ്കെടുക്കും.

സൂര്യപേട്ട് ജില്ലയിലെ മഹാസഖ്യത്തിന്‍റെ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനൊപ്പം രാഹുൽ മാധ്യമങ്ങളെ കാണും. തെലങ്കാനയെ നശിപ്പിച്ചവരെ ഭരണത്തിൽ നിന്ന് പുറത്താക്കണമെന്നും മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *