ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിനെ സല്‍മാന്‍രാജാവ് ക്ഷണിച്ചു

ദോഹ: റിയാദില്‍ ഈ മാസം ഒന്‍പതിനു നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചു. 
ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ക്ഷണം അറിയിച്ചത്. ജിസിസി ഉച്ചകോടിയിലേക്ക് ഏതു തരത്തിലുള്ള പ്രതിനിധി സംഘത്തെയാണ് അയയ്ക്കുകയെന്നു ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല. ഖത്തറിനെതിരെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തിരുന്നു.
എന്നാല്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു ഭരണാധികാരികള്‍ക്കു പകരം മന്ത്രിമാരോ, ഉപ പ്രധാനമന്ത്രിമാരോ മാത്രമാണ് അന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്.
എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയതിനു തൊട്ടടുത്ത ദിവസമാണ് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *