സഹകരണരംഗത്ത് സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ല: അമിത് ഷാ

ന്യൂഡല്‍ഹി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന്  ആഭ്യന്തമന്ത്രി അമിത് ഷാ.

ഊരാളുങ്കലും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ മികച്ച മാതൃകകളാണെന്ന് ആദ്യ ദേശീയ സഹകരണ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പുതിയ സഹകരണ നയം കേന്ദ്രസര്‍കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നറിയിച്ചു. സഹകരണ വകുപ്പിന്റെ ആദ്യ മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ അമിത് ഷാ സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയമെന്നും വ്യക്തമാക്കി.

‘കേന്ദ്രസര്‍കാരിന്റെ ഭരണഘടനപരമായ അധികാരത്തെ കുറിച്ച്‌ വിശദീകരിക്കാന്‍ തയ്യാറാണ്. പക്ഷെ സംസ്ഥാനങ്ങളുമായി തര്‍ക്കത്തിനില്ല. സംസ്ഥാനങ്ങളുമായി സഹകരിച്ച്‌ മുന്നോട്ട് പോകും’ – അമിത് ഷാ പറഞ്ഞു.

സഹകരണ രംഗത്തെ വിജയഗാഥകളില്‍ കേരളത്തിലെ സ്ഥാപനങ്ങളും അമിത് ഷാ ഉള്‍പെടുത്തി. ഈ കൂട്ടത്തിലാണ് ഊരാളുങ്കല്‍ ലേബര്‍ കോര്‍പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയേയുമെല്ലാം വിജയകരമായ മാതൃകകളായി അദ്ദേഹം പരാമര്‍ശിച്ചത്. സഹകരണ സംഘങ്ങളിലെ ക്രമക്കേട് തടയുമെന്നും നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്ട്‌വെയര്‍ ഇതിനായി നിര്‍മിക്കുമെന്നും പരിപാടിയില്‍ അമിത് ഷാ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ രൂപികരിക്കുമെന്നും സംസ്ഥാനന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *