സില്‍വര്‍ ​ലൈന്‍ അശാസ്​ത്രീയം; ബദല്‍ പദ്ധതി വേണമെന്ന്​ യു.ഡി.എഫ്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പ്രോജക്​റ്റ്​ അശാസ്​ത്രീയവും അപ്രായോഗികവുമാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍​.

യു.ഡി.എഫ്​ യോഗത്തിന്​ ശേഷം കണ്‍വീനര്‍ എം.എം ഹസനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്​ട പരിഹാരം വളരെ കുറവാണെന്നും അവര്‍ പറഞ്ഞു.

പാരിസ്​ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയാണ്​ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്​ പോകുന്നത്​. അലൈന്‍മെന്‍റ്​ പോലും തീരുമാനമാകാതെ സ്​ഥലമെടുപ്പ്​ നടപടികള്‍ എന്തിനുവേണ്ടിയാണെന്നും സതീശന്‍ ചോദിച്ചു.

പദ്ധതി സംബന്ധിച്ച്‌​ എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്​ ഉപസമിതി പഠനം നടത്തിയിരുന്നു. തീര്‍ത്തും അപ്രായോഗികവും അശാസ്​ത്രീയവുമാണ്​ പദ്ധതിയെന്നാണ്​ ഉപസമിതിയുടെ കണ്ടെത്തല്‍.

2019 ലെ എസ്റ്റിമേറ്റ്​ അനുസരിച്ച്‌​ ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്​ പദ്ധതി ചെലവ്​. വലിയ തോതില്‍ സ്​ലമേറ്റെടുക്കുകയും വേണം. പദ്ധതിയുടെ പാരിസ്​ഥിതിക ആഘാത​ങ്ങളോ സാമൂഹിക ആഘാതങ്ങളോ വിലയിരുത്തിയിട്ടില്ല. കേരളത്തെ രണ്ടായി മുറിക്കുന്ന തരത്തില്‍ ഇരുവശത്തും നാലു മീറ്ററോളം ഉയരത്തില്‍ മതില്‍ കെട്ടി തിരിച്ചാണ്​ റെയില്‍ പാതയുണ്ടാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഒരു മഴ പെയ്​താല്‍ വെള്ളക്കെട്ടുണ്ടാകുന്ന കേരളത്തില്‍ ഈ റെയില്‍ പാത ഒരു ഡാമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചെലവും ആഘാതങ്ങളും കുറഞ്ഞതും പ്രായോഗികവുമായ ബദല്‍ പദ്ധതിയാണ്​ കേരളത്തിന്​ വേണ്ടതെന്നും സതീശന്‍ പറഞ്ഞു. അപ്രായോഗികമായ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്​ പോകുകയാണെങ്കില്‍ പ്രക്ഷോഭരംഗത്ത്​ യു.ഡി.എഫ്​ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *