കലാഭവന്‍ മണിയുടെ മരണം: സിബിഐ വിനയന്‍റെ മൊഴിയെടുക്കും

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി മണിയുടെ സുഹൃത്തും സംവിധായകനുമായ വിനയന്‍റെ മൊഴിയെടുക്കാന്‍ സിബിഐ നീക്കം. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ തയ്യാറാക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന പേരില്‍ സിനിമ റിലീസ് ചെയ്ത പശ്ചാത്തലത്തിലാണ് സിബിഐ നടപടി. ചിത്രത്തില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ വിനയന്‍ നടത്തിയിരുന്നു.  നേരത്തെ വന്‍ വിവാദമായ മരണത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണിത്.

മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വിളിച്ചിരുന്നതായി വിനയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൊഴി നല്‍കാന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിയുടെ മരണം കൊലപാതകമായിട്ടാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ക്ലൈമാക്സില്‍ ചിത്രീകരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് തനിക്ക് അറിയാുന്ന കാര്യങ്ങള്‍ സിബിഐയെ അറിയിക്കുമെന്നുമാണ് വിനയന്‍ അറിയിച്ചിരിക്കുന്നത്.

രാജാമണിയെന്ന കഥാപാത്രത്തിന്‍റെ ബാല്യം മുതല്‍ മരണം വരെയുള്ള കഥയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇത് കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. കലാജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് മണി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അവഗണനകളും. നടനെന്ന നിലയില്‍ തിളങ്ങിയ ജീവിതവും അവസാന കാലഘട്ടത്തില്‍ മണിക്ക് സംഭവിക്കുന്നതും സിനിമ പറയുന്നുണ്ട്.

കലാഭവന്‍ മണിക്ക് സിനിമയിലേക്ക് വലിയ വരവേല്‍പ്പ് നല്‍കിയ സംവിധായകനായിരുന്നു വിനയന്‍. ഇരുവരും അവസാന കാലം വരെ നല്ല സൗഹൃദത്തിലുമായിരുന്നു. 2016 മാര്‍ച്ച് ആറിനാണ് മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അന്ന് തന്നെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. വിഷമദ്യം അകത്തു ചെന്നാണ് മണിയുടെ മരണമെന്നായിരുന്നു ആരോപണം. ഇത് പരിശോധിച്ച റിപ്പോര്‍ട്ടുകളിലും ഇത്തരത്തില്‍ ചിലത് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ മരണം കൊലപാതകമാണെന്നുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. തുടര്‍ന്നാണ് കേസ് ഹൈക്കോടതി  സിബിഐക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *