വനിതാ മതില്‍: പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം

തിരുവനന്തപുരം :  പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണു വനിതാ മതില്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ രണ്ടായി തിരിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.
ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ ജനുവരി ഒന്നിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന വനിതാമതിലിനെതിരെയാണ് ചെന്നിത്തലയുടെ വിമര്‍ശനം. വനിതാ മതില്‍ സിപിഎം നടത്തുന്നതിനോടു വിയോജിപ്പില്ല. പൊതുപണം ഉപയോഗിച്ചു രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിനോടു യുഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചാണു പരിപാടി സംഘടിപ്പിക്കുന്നതെന്നാണു മുഖ്യമന്ത്രി വിശദീകരിച്ചത്.
മനുഷ്യചങ്ങല, മനുഷ്യമതില്‍ തുടങ്ങിയവയെല്ലാം ഡിവൈഎഫ്‌ഐയുടെയോ സിപിഎമ്മിന്റെയോ പരിപാടിയായാണു കേരളം കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതില്‍ സംഘടിപ്പിക്കുന്നതു നിഷേധാര്‍ഹമാണ്.
പട്ടേലിന്റെ വലിയ പ്രതിമ സ്ഥാപിച്ചു സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ബിജെപി ശ്രമിക്കുന്ന പോലെയാണു നവോത്ഥാന പ്രസ്ഥാനവുമായി ഒരുബന്ധവുമില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പിതൃത്വം അവകാശപ്പെടാന്‍ ശ്രമിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.

പ്രളയനാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പണമില്ലാത്തപ്പോഴാണ് ഇത്തരം ധൂര്‍ത്തുകള്‍. ക്ഷേത്ര പ്രവേശനത്തിന്റെ വാര്‍ഷികം ഒരിക്കലും സര്‍ക്കാര്‍ ആഘോഷിച്ചിരുന്നില്ല. ഇത്തവണം വാര്‍ഷികം ആഘോഷിച്ചതു ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നെടുത്താണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *