മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി വീണ്ടും പ്രതിഷേധം ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തു മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം ഡിജിപി എല്ലാ ഡിവൈഎസ്പിമാരിലൂടെയും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, പി.തിലോത്തമന്‍ എന്നിവര്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിമാര്‍ പോകുന്ന വഴിയില്‍ തടയാനും കരിങ്കൊടി കാണിക്കാനാണു പദ്ധതി.

മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തുക, കാഴ്ചക്കാരായിരുന്ന് വേദിയിലേക്ക് മുദ്രാവാക്യങ്ങളുമായി കയറുക. വാഹനം തടയുക തുടങ്ങിയ സമരപരിപാടികളും ബിജെപി പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പൈലറ്റ്/എസ്‌കോര്‍ട്ട് വാഹനങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്. ഇവയിലെ പൊലീസുകാരുടെ എണ്ണവും കൂട്ടും. ഓരോ സ്റ്റേഷനിലെയും സാഹചര്യമനുസരിച്ചു വേണം പൊലീസിന്റെ എണ്ണം കൂട്ടേണ്ടത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *