വിജയന്‍ തോമസ് ബി.ജെ.പിയിലേക്ക്

കടവില്‍


പാര്‍ലമെന്റ് സീറ്റില്‍ ശശിതരൂരിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി…?

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ ഗ്രൂപ്പ് പോരുകളും നേതാക്കള്‍ തമ്മിലുള്ള വ്യക്തിപ്പോരുകളും വര്‍ദ്ധിക്കുന്നതിന് ഒരു ഉദാഹരണം കൂടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ മാനേജിങ് ഡയറക്ടറും മുന്‍ കെ.ടി.ഡി.സി ചെയര്‍മാനുമായിരുന്ന വിജയന്‍ തോമസ് ബി.ജെ.പിയിലേക്ക്. ന്യൂഡല്‍ഹിയില്‍വച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് തീരുമാനമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


പാര്‍ട്ടിയില്‍ മുന്തിയ സ്ഥാനം നല്‍കുമെന്ന് വാഗ്ദാനം ദേശീയ അധ്യക്ഷന്‍ അമിത്ഷായില്‍ നിന്ന് വിജയന്‍തോമസിന് ലഭിച്ചിട്ടുണ്ട്. പ്രവാസി വ്യവസായ പ്രമുഖനും ലത്തീന്‍ കത്തോലിക്കാസഭാംഗവുമാണ് വിജയന്‍തോമസ്. അദ്ദേഹം ലത്തീന്‍ കത്തോലിക്കാ സഭയുടെ ആശീര്‍വാദത്തോടെയാണ് ഈ നീക്കം എന്നും വിലയിരുത്തപ്പെടുന്നു. ലത്തീന്‍ കത്തോലിക്കാ സംഭാംഗമായ അദ്ദേഹത്തിന് തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് അമിത്ഷാ വാഗ്ദാനം നല്‍കിയതായും സൂചനയുണ്ട്.
വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടതും ചര്‍ച്ചാവിഷയവുമായ പേര് വിജയന്‍ തോമസിന്റേതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുപോരുകളും പടലപ്പിണക്കങ്ങളും അദ്ദേഹത്തിനുള്ള സാധ്യത വൈകാതെ തന്നെ മങ്ങിപ്പിച്ചിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേര് കെ.പി.സി.സി തന്നെ മുന്‍കൈയെടുത്ത് പ്രചരിപ്പിക്കാനും തുടങ്ങിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പൊതുവെ വിജയന്‍തോമസ് പിന്‍കാലുവച്ചുതുടങ്ങിയിരുന്നു. സി.പി.ഐ.യുടെ പന്ന്യന്‍രവീന്ദ്രന്‍ മത്സരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം സീറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസ് ഒടുവില്‍ സീറ്റ് ശശി തരൂരിന് നല്‍കിയപ്പോള്‍ അന്ന് വിജന്‍ തോമസ് റിബലായി പത്രിക നല്‍കിയെങ്കിലും ഒടുവില്‍ പിന്‍വലിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്യങ്ങളുടെ ഇരയാണ് താനെന്ന് വിജയന്‍തോമസ് പല വേദികളിലും തുറന്നടിച്ചിരുന്നു.
ഇതിന്റെ മുന്നോടിയായി ബി.ജെ.പിയുടെ പല കേരള നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നത് പരസ്യമായിരുന്നു. ബി.ജെ.പിയുമായി വേദികളും അദ്ദേഹം പങ്കിട്ടിരുന്നു.
തകര്‍ച്ചയിലായ ജയ്ഹിന്ദ് ചാനലിനെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും സന്നദ്ധനായിരുന്ന വിജയന്‍തോമസിന് ചാനല്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്റെ നീക്കങ്ങള്‍ ഇരുട്ടടിയായി. ചാനല്‍ കൈപ്പിടിയിലൊതുക്കാനുള്ള എം.എം.ഹസ്സന്റെ നീക്കങ്ങളെ പരസ്യമായി തന്നെ വിജയന്‍തോമസ് എതിര്‍ത്തിരുന്നു. എം.എം.ഹസ്സന്‍ ചാനലിന്റെ തലപ്പത്തുനിന്ന് മാറിയാല്‍ ജയ്ഹിന്ദ് ചാനല്‍ തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാന്‍ സന്നദ്ധനാണെന്ന് വിജയന്‍ തോമസ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. എന്നാല്‍ ചാനല്‍ തകര്‍ന്നാലും ഹസ്സനെ പിണക്കാന്‍ പാര്‍ട്ടി തയ്യാറുമല്ലായിരുന്നു. ഇതെല്ലാം വിജയന്‍തോമസിന്റെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനങ്ങള്‍ക്ക് ആക്കംകൂട്ടിയെന്നും വിലയിരുത്തുന്നു.
എന്തായാലും വിജയന്‍ തോമസ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് വരുകയാണെങ്കില്‍ രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്യാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്. വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹര്യമനുസരിച്ച് തിരുവനന്തപുരം പാര്‍ലമെന്‍ില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഏകോപിപ്പിക്കാന്‍ വിജയന്‍തോമസിന് കഴയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *