പരീക്ഷ എഴുതാന്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട: കര്‍ണാടക

ബംഗളൂരു : കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ്. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക് ഒരു രക്ഷിതാവുമായി എത്തി പരീക്ഷ എഴുതാം. എന്നാല്‍ മൂന്ന് ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകള്‍ കണക്കിലെടുത്താണ് കര്‍ണാടക സര്‍ക്കാര്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് അനുവദിക്കില്ല. ഇവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ക്വാറന്റൈന്‍ നില്‍ക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം. ഏഴാം ദിവസം കൊറോണ പരിശോധന നടത്തി, ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

കര്‍ണാടകയില്‍ ജോലിക്കെത്തുന്നവരും ഈ നിബന്ധനകള്‍ തന്നെയാണ് പാലിക്കേണ്ടത്. കേരളത്തില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കായി കമ്ബനികള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതേസമയം കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവരെയും നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *