കരമനയില്‍ പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അല്‍ഫോണ്‍സയുടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിന് പിന്നാലെ സമാനമായ പരാതിയുമായി കരമനയിലെ മീന്‍ വില്‍പ്പനക്കാരി. കരമന പൊലീസിനെതിരെയാണ് മരിയ പുഷ്പം എന്ന മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതല്‍ മീന്‍ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. വൈകീട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീന്‍ വില്‍പ്പന പാടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് തര്‍ക്കമായെന്നും മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി

ഇതോടെ ഇവരുടെ സ്ഥലമായ വലിയ തുറയില്‍ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേര്‍ന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയില്‍ ഗതാഗതഗ തടസ്സമുണ്ടായി. തുടര്‍ന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് മാറ്റുകയാണ് ഒടുവിലുണ്ടായത്. അതേസമയം തങ്ങളല്ല മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *