ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പരഞ്ഞു. ഭക്തരുടെ വികാരത്തിന്റെ അളവ് അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയില്‍ പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ആദ്യം അനുമതി നിഷേധിച്ച സ്പീക്കര്‍ ബഹളത്തെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ച് ഭക്തര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ കലാപങ്ങള്‍ ഉണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. നിരോധനാജ്ഞ പിന്‍വലിക്കാനാകില്ലെന്നും നിയമസഭയില്‍ ഈ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇനിയൊരു നിയമ നിര്‍മ്മാണത്തിനും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിച്ചു. സര്‍ക്കാരില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കോടതിയില്‍ ഹര്‍ജിക്കാരും സര്‍ക്കാരും ഒരേ നിലപാട് എടുത്തതു കൊണ്ടാണ് ഈ വിധി ഉണ്ടായത്. സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണ് ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *