സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2021 ജൂണ്‍ 21 ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടതിനെക്കുറിച്ച്‌ പ്രതികരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കിരണ്‍ കുമാര്‍.

സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയതിനാണ് 1960ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരം കിരണ്‍ കുമാറിനെതിരേ നടപടിയെടുത്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ട്.

എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സര്‍വീസില്‍ നിന്ന് നീക്കിയത്.

”ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളത്. സ്ത്രീധന സമ്ബ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്ബ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ ഒരുമിച്ചു നല്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *