ഫോണ്‍ ചോര്‍ത്തിയെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ബിജെപി

ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫോണ്‍ ചോര്‍ത്തിയെന്നതിന് പ്രഥമദൃഷ്ട്യാ എന്ത് തെളിവാണുള്ളതെന്ന് ബിജെപി.

ഫോണുകള്‍ ഹാക്ക് ചെയ്തു എന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇതുവരെ ഇല്ലെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

പെഗാസസ്, കര്‍ഷക സമരം എന്നിവ ഉയര്‍ത്തി പ്രതിപക്ഷം നിരന്തരം സമ്മേളനം തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് ബിജെപി വാര്‍ത്താസമ്മേളനം വിളിച്ചത്.

പാര്‍ലമെന്റ് സമ്മേളനം നിരന്തരം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് 130 കോടിയാണ് നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞു. പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതി കൂടി അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് ബിജെപി വാര്‍ത്താസമ്മേളനം നടത്തിയത്. പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റും ഫോണ്‍ ചോര്‍ത്തലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതീവ ഗൗരവമുള്ള വിഷയമാണെന്നും സത്യം പുറത്തു വരണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഹിയറിംഗിന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും ഉണ്ടാകണമെന്നും പറഞ്ഞു.

പ്രശ്‌നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്നും വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നെന്നും അതിന് പകരം പ്രതിപക്ഷം മന്ത്രിയുടെ പ്രസ്താവന വലിച്ചുകീറുകയാണ് ഉണ്ടായതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഫോണ്‍നമ്ബര്‍ നിരീക്ഷണത്തിലാണെന്ന് പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ചോദിച്ചു.

സുപ്രീംകോടതി റിട്ട. ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനുമായ അരുണ്‍ മിശ്രയുടെ ഫോണ്‍നമ്ബറും പെഗാസസ് പട്ടികയില്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് രവിശങ്കര്‍ പ്രസാദ് കേന്ദ്രത്തെ ന്യായീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *