കൊടകര കേസ്: പോലീസിന്റെ കുറ്റപത്രം സി.പി.എം രാഷ്ട്രീയ പ്രമേയമെന്ന് ബിജെപി

തിരുവനന്തപുരം: കരുവന്നൂര്‍ തട്ടിപ്പ് കേസ് മാസങ്ങള്‍ക്കു മുന്‍പേ സി.പി.എമ്മിനു അറിയാമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തട്ടിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരിക്കുന്നത് ഇതില്‍ ഇടപെട്ടിരിക്കുന്ന ഉന്നത സി.പി.എം നേതാക്കളെ രക്ഷിക്കുന്നതിനാണ്. എ.വിജയരാഘവനേയും എ.സി മൊയ്തീനെയും അവരുടെ ബന്ധുക്കളെയും രക്ഷപ്പെടുത്തുന്നതിനാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുമോ എന്ന ഭയത്താല്‍ എല്ലാ ഫയലുകളും പൂഴ്ത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പല ഫയലുകളും ദേശീയ അന്വേഷണ ഏജന്‍സികളെ ഭയന്ന് പൂഴ്ത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ൈക്രം്രബാഞ്ചിനെ കൊണ്ട് മാത്രം ഈ കേസ് അന്വേഷിക്കാനാവില്ല. കേസിലെ പല പ്രതികളും ഒളിവിലാണ്. പലരും വിദേശത്തേക്ക് കടന്നു. ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാല്‍ കേസ് അട്ടിമറിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ. ഉന്നത സി.പി.എം നേതാക്കളുടെ ബന്ധം പുറത്തുവരാതിരിക്കാനുള്ള അന്വേഷണമാണ് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്നത്.

സമാനമായ തട്ടിപ്പ് സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും നടന്നിട്ടുണ്ട്. ആലപ്പൂഴയിലും പത്തനംതിട്ടയിലും സമാനമായ ബാങ്ക് തട്ടിപ്പ് നടന്നിട്ടുണ്ട. കണ്ണൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളെ കുറിച്ച്‌ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള 106 സഹകരണ ബാങ്കുകള്‍ ഇതിനോടകം തന്നെ ഇത്തരത്തിലുള്ള തട്ടിപ്പു നടന്നിട്ടുണ്ട്. സി.പി.എമ്മും കള്ളപ്പണമാണ് സഹകരണ ബാങ്കുകളില്‍ കണക്കില്‍പെടാതെ സൂക്ഷിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ പറയുന്നു, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തിട്ടുണ്ടെന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാര്യത്തില്‍ അന്വേഷണം നടത്തണം. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ സഹകരണ ബാങ്കുകളിലെ കള്ളപ്പണം ഉപയോഗിക്കുകയാണ്. ഗൗരവമായ അന്വേഷണം വേണം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

ഒരു സാധാരണ സിപിഎം നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനല്ല ഈ പണം ഉപയോഗിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ ഉന്നത വിദ്യഭ്യാസമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുമായ ആള്‍ മത്സരിച്ച മണ്ഡലത്തിലാണ് സി.പി.എം ഈ പണം പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എ.സി മൊയ്തീന്റെ ബന്ധുക്കളാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. ഈ തട്ടിപ്പില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണം.

സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് സിപിഎമ്മാണ്. കേന്ദ്രം സഹകരണ വകുപ്പ് രൂപീകരിച്ചപ്പോഴും അമിത് ഷാ സഹകരണ മന്ത്രിയായപ്പോഴും ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ കാരണം മറ്റൊന്നുമല്ല. എല്ലാ സഹകരണ ബാങ്കുകളിലെയും തട്ടിപ്പ് സംബന്ധിച്ച്‌ അതാത് സ്ഥലങ്ങളില്‍ ബി.ജെ.പി പ്രതിഷേധം നടത്തും.

കൊടകരയിലെ കുറ്റപത്രം മല എലിയെ പ്രസവിച്ചപോലെയായി. അത് കുറ്റപത്രമല്ല, സി.പി.എം രാഷ്ട്രീയ പ്രമേയമാണ്. ‘ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ്’ ആണ് കുറ്റപത്രമായി വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസവും മാധ്യമങ്ങള്‍ എഴുതിയത് എന്താണെന്ന് കൂടി അത്മപരിശോധന നടത്തണം. ധര്‍മ്മരാജന്റെ പരസ്പര വിരുദ്ധമായ രണ്ട് മൊഴികളാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്തുകൊണ്ട് അന്വേഷണ ഏജന്‍സി പരാതിക്കാരന്റെ 164 പ്രകാരമുള്ള മൊഴി എടുത്തില്ല. പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രമാണ് കൊടുത്തിരിക്കുന്നത്. ബി.ജെ.പി ബന്ധം തെളിയിക്കുന്ന ഒരു കാര്യവും അതിലില്ല. ഈ കുറ്റപത്രം ഒരു കോടതിയിലും നിലനില്‍ക്കില്ല. പണം കണ്ടെടുക്കാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് കൊണ്ടുവന്ന പണമാണെന്ന് ഒരു കടലാസില്‍ എഴുതിവച്ചാല്‍ മാത്രം പോര തെളിവും വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *