ഡെല്‍റ്റ : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണം

ന്യൂഡല്‍ഹി: ഡെല്‍റ്റ വകഭേദം ബാധിച്ച കേസുകള്‍ വര്‍ധിക്കുകയും പ്രതിദിന കേസുകള്‍ കുറയുന്നത് മന്ദഗതിയിലാവുകയും ചെയ്ത പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കോവിഡ് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍.

ഡെല്‍റ്റ വകഭേദം ബാധിച്ച കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ 10 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മിസോറമില്‍ ഇന്ന അര്‍ദ്ധരാത്രി മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍. തലസ്ഥാനമായ അഗര്‍ത്തലയിലും മറ്റ് 11 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ജൂലൈ 19 മുതല്‍ ജൂലൈ 23 വരെ വാരാന്ത്യ കര്‍ഫ്യൂവും ഒരു ദിവസത്തെ കര്‍ഫ്യൂവും ത്രിപുര ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസമിലും സിക്കിമിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

സിക്കിമില്‍ ആദ്യതരംഗത്തെ അപേക്ഷിച്ച്‌ രണ്ടാം തരംഗത്തില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ 155 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 30 ദിവസത്തേയ്ക്ക് സാമൂഹിക, മതപരമായ പരിപാടികള്‍ക്കും വിനോദ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.അസമില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് അനുവദിച്ചിരുന്ന ഇളവ് പിന്‍വലിച്ചു. രണ്ടു സംസ്ഥാനങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അസമില്‍ വരുന്ന എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. സമ്ബൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *