രാജി വെയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ബി.എസ് യെദ്യൂരപ്പ. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കര്‍ണാടകയിലെ ബിജെപിയുടെ വികസനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനും നദ്ദ തന്നോട് ആവശ്യപ്പെട്ടുവെന്നും യെദ്യുരപ്പ കൂട്ടിച്ചേര്‍ത്തു.

രാജി സന്നദ്ധത അറിയിച്ചതായി ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. പാര്‍ട്ടിയ്ക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

കര്‍ണാടക മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ബി എസ് യെദ്യൂരപ്പ ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ജൂലൈ 24നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് യെദ്യൂരപ്പ എത്തിയത്. ജൂലൈ 24ന് രണ്ട് വര്‍ഷം തികയും.

Leave a Reply

Your email address will not be published. Required fields are marked *