കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല: കിറ്റക്‌സ് എംഡി

കൊച്ചി: ഇനി ഒരു രൂപ പോലും കേരളത്തില്‍ നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്. എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് കേരളത്തില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് അദേഹം പറഞ്ഞത്‌.

തെലങ്കാനയില്‍ ആയിം കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

രാജകീയ സ്വീകരണമാണ് തെലങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്‌സറ്റൈയില്‍സിന് വേണ്ടി വാറങ്കലും മറ്റേത് ജനറല്‍പാര്‍ക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചര്‍ച്ചക്ക് ശേഷമാണ് തിരികെ എത്തിയത്.

താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എല്‍ എയോടാണെന്ന് പരിഹസിച്ചു. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എം എല്‍ എമാരും ഒരു എം പിയുമുണ്ട്. പെരുമ്ബാവൂര്‍ എം എല്‍ എ, മൂവാറ്റുപുഴ എം എല്‍ എ, തൃക്കാക്കര എം എല്‍ എ, എറണാകുളം എം എല്‍ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്ബാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്.

അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ താന്‍ നിക്ഷേപിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ആരുമായിട്ടും ചര്‍ച്ച ചെയ്യുന്നതിന് ഞാന്‍ തയാറാണ്. 61 ലക്ഷം ചെറുപ്പക്കാര്‍ ജോലി തേടി കേരളം വിട്ടു പോയിട്ടുണ്ട്. ബിരുദാനന്തരബിരുദമുള്ള 75 ലക്ഷം യുവാക്കള്‍ ഇന്നും കേരളത്തിലുണ്ട്. കഴിഞ്ഞ 57 വര്‍ഷമായി 15,000 ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്.

കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയില്‍ എവിടെയാണെങ്കിലും കേരളീയര്‍ക്ക് ജോലി ഉറപ്പാക്കിയിരിക്കും എന്നും അദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *