വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന വന്‍ സമ്മേളനം ഇന്ന് അയോധ്യയില്‍

അയോധ്യ: രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന വന്‍ സമ്മേളനം ഇന്ന് അയോധ്യയില്‍ നടക്കും. രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണു വിഎച്ച്പിയുടെ അവകാശവാദം. രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ചു ശിവസേന മേധാവി ഉദ്ധവ് താക്കറെയും അയോധ്യയിലുണ്ട്. കനത്ത സുരക്ഷാവലയത്തിനകത്ത് മുള്‍മുനയില്‍ നില്‍ക്കുകയാണ് അയോധ്യ.


യുദ്ധ പ്രഖ്യാപനത്തിനു മുന്‍പുള്ള അന്തിമകാഹളമെന്നാണു സരയൂ തീരത്തു നടക്കുന്ന സമ്മേളനത്തെ വിഎച്ച്പി വിശേഷിപ്പിക്കുന്നത്. സന്യാസിമാരും വിശ്വാസികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാനാണു നീക്കം. 1992നു ശേഷം ഏറ്റവും അധികം ആളുകളെ രാമജന്മഭൂമിയില്‍ അണിനിരത്തുകയാണു ലക്ഷ്യം. ക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള സമ്മര്‍ദം ശക്തമാക്കുന്നതിനായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേനയും രംഗത്തുണ്ട്. നാലായിരത്തിലധികം ശിവസേന പ്രവര്‍ത്തകരാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന ആശീര്‍വാദ് സമ്മേളനില്‍ പങ്കെടുക്കുന്നത്.
ഉദ്ധവ് താക്കറെ സന്യാസിമാരുമായി ചര്‍ച്ചയും സരയൂ തീരത്ത് ആരതിയും നടത്തി. ക്ഷേത്രം നിര്‍മാണത്തിനുള്ള തടസം നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ നിയമനിര്‍മാണം നടത്തുകയോ വേണമെന്നാണ് ആവശ്യം. വിട്ടുകൊടുക്കാനില്ലെന്ന ശിവസേനയുടെ നിലപാടു വെട്ടിലാക്കുന്നതു ബിജെപിയാണ്. ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. അയോധ്യയെ എട്ടുമേഖലകളായി തിരിച്ചു ശക്തമായ സുരക്ഷാവിന്യാസമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാപം ഭയന്നു മുസ്!ലിംകള്‍ അയോധ്യയില്‍നിന്നു മറ്റിടങ്ങളിലേക്കു വീടുകള്‍ ഒഴിഞ്ഞുപോവുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അയോധ്യവിഷയം സജീവമാക്കി നിര്‍ത്താനാണു ശിവസേനയുടെയും സംഘപരിവാര്‍ സംഘടനകളുടെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *