നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും : മന്ത്രി പി. പ്രസാദ്

കൃഷി വകുപ്പിന്റെ പരിപാടികളിൽ ഇനി മുതൽ വേദിയിൽ ഒരു കർഷകൻ ഉണ്ടാകും

തിരുവനന്തപുരം: തെങ്ങിൻ തൈകൾ ഉൾപ്പെടെയുളള വിവിധ കാർഷിക വിളകളുടെ നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിവിധ കേന്ദ്രങ്ങളിൽ നിന്നും നടീൽ വസ്തുക്കൾ ശേഖരിയ്ക്കുന്ന കർഷകർക്ക് പലപ്പോഴും ഗുണ നിലവാരമില്ലാത്തവ ലഭിക്കുന്നത് വിളവിനെ സാരമായി ബാധിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ആനാട് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും ഇനി മുതൽ പ്രദേശത്തെ ഒരു കർഷകൻ വേദിയിൽ മുൻ നിരയിൽ തന്നെ ഉണ്ടാകുമെന്നും അന്നമൂട്ടുന്ന കർഷകർക്ക് അർഹിക്കുന്ന വരുമാനവും മാന്യതയും ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ മാസം (ജൂലൈ) ഒന്നു മുതൽ 15 വരെ വിള ഇൻഷുറൻസ് പക്ഷാചരണം നടന്നുവരികയാണ്. എത്ര ചെറിയ വിളകളാണ് കൃഷി ചെയ്യുന്നതെങ്കിലും കർഷകർ അത് ഇൻഷുർ ചെയ്യാൻ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ കർഷകരെ സഹായിക്കാൻ വകുപ്പിലെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചെറിയ തുകയ്ക്ക് 27 തരം കാർഷിക വിളകൾ ഇപ്പോൾ ഇൻഷുർ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

പ്രദേശത്തെ മുതിർന്ന കർഷകനായ കെ.പുഷ്‌കരൻനായരെ അരികിൽ നിർത്തിയാണ് മന്ത്രി വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തത്. സമഗ്ര നാളികേരവികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ അംഗമാകുന്നതോടെ ആനാട് പഞ്ചായത്തിന് കാർഷിക മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. പ്രദേശത്തെ എല്ലാ കർഷകരും പദ്ധതി പ്രയോജനപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരഗ്രാമം പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50,17,000 രൂപയും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം ഇരുപത് ലക്ഷം, 6,25,000 എന്ന നിലയിലുമാണ് പഞ്ചായത്തിന് സംസ്ഥാന സർക്കാർ സഹായം നൽകുന്നത്. ആനാട് ഗവ: എൽ.പി സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. ഗംഗാ ബോണ്ടം, ചാപ്പാണൻ, ചാവക്കാട് ഗ്രീൻ സ്വാർഫ് തുടങ്ങി തെങ്ങിൻ തൈകളുടെയും നാളികേരത്തിന്റെയും പ്രദർശനവും കർഷകർക്ക് വിള ഇൻഷുർ ചെയ്യുന്നതിനുളള സംവിധാനവും ഒരുക്കിയിരുന്നു. ആനാട്് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി തുടങ്ങിയ ജനപ്രതിനിധികൾ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോർജ് അലക്സാണ്ടർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *