‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഗ്രൂപ്പ്‌ അഡ്മിന്‍ എക്‌സൈസിന് മുന്നില്‍ കീഴടങ്ങി

തിരുവനന്തപുരം:  അനുമതി ഇല്ലാതെ മദ്യവിരുന്നു സംഘടിപ്പിച്ചെന്നും സമൂഹമാധ്യമങ്ങളിലുടെ മദ്യപാനം പ്രോല്‍സാഹിപ്പിച്ചെന്നും ആരോപിച്ച് കേസെടുത്ത ജിഎന്‍പിസി(‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’) ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത്ത് കുമാര്‍ എക്‌സൈസിന് മുന്നില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍.


തിരുവനന്തപുരത്തെ ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയ കൂട്ടായ്മ കൂപ്പണ്‍ അടിച്ച് അനധികൃതമായി മദ്യം വിറ്റതിന്റെ തെളിവുകള്‍ എക്‌സൈസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി അജിത്തിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
മദ്യസല്‍ക്കാരത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ച മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ എന്നിവയും ഹാജരാക്കി. ഇതേ കേസില്‍ ഗ്രൂപ്പ് അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ വിനീതയ്ക്കു നേരത്തേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 23 ലക്ഷത്തില്‍ അധികം അംഗങ്ങളും 36 അഡ്മിന്‍മാരുമുള്ള ഗ്രൂപ്പാണിത്. ജിഎന്‍പിസി ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് നേരത്തെ കേസെടുത്തിരുന്നു.
ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ മറവില്‍ അഡ്മിന്‍ അജിത് കുമാര്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ 90 പേര്‍ പങ്കെടുത്തതായി എക്‌സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാര്‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലില്‍ എക്‌സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *