വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം

കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട കെ സുധാകരന്‍ ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണ വനിതാ കമ്മിഷന് പരാതി നല്‍കി. ജോസഫൈനെ പുറത്താക്കണമെന്ന് എ ഐ എസ്എഫും ആവശ്യപ്പെട്ടു.

ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെയാണ് ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ പരാതിക്കാരിയോട് മോശം രീതിയില്‍ സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പികെ ശ്രീമതിയും രംഗത്തുവന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തിരുത്തണമെന്ന് അവര്‍ പ്രതികരിച്ചു.

ജോസഫൈന്റെ പരാമര്‍ശം എന്താണെന്ന് വ്യക്തമായിട്ടില്ല. മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വിശദീകരണം നല്‍കണം. ഒരു പൊതുപ്രവര്‍ത്തക കേരളത്തിലെ എല്ലാവരോടും സ്‌നേഹത്തോടും സാഹോദര്യത്തോടും പെരുമാറണം. എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും, പ്രശ്‌നം ഉണ്ടെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു.

പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി നിരവധി പേര് രംഗത്തുവന്നു. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തല്‍സമയ ചാനല്‍ പരിപാടിയില്‍ ജോസഫൈന്‍ അവരെ അപമാനിച്ചതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *