സിബിഎസ്‌ഇ, ഐസിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫോര്‍മുല സുപ്രീംകോടതി അം​ഗീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ, ഐസിഎസ്‌ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുള്ള ഫോര്‍മുല സുപ്രീംകോടതി അം​ഗീകരിച്ചു. പരീക്ഷ എഴുതണോ ഫോര്‍മുല അം​ഗീകരിക്കണോ എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കുട്ടികളുടെ ഭാവി കണക്കിലെടുത്തായിരുന്നു തീരുമാനം എടുത്തതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ ഫലം വന്ന ശേഷം മാത്രമേ യുജിസി പ്രവേശന നടപടികള്‍ തൂടങ്ങൂ എന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു.

പരീക്ഷ എഴുതാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം നല്‍കുന്നുണ്ട്. സംസ്ഥാന ബോര്‍ഡുകള്‍ പരീക്ഷ നടത്തുന്നതുപോലെ സിബിഎസ്‌ഇ പരീക്ഷനടത്തണമെന്ന് പറയാനാകില്ല. പരീക്ഷ എഴുതാന്‍ തീരുമാനിച്ചാല്‍ ഇന്റേണല്‍ അസസ്മെന്റ് പരിഗണിക്കില്ല എന്ന് കോടതി പറഞ്ഞു. മൂന്ന് വര്‍ഷത്തെ പ്രകടനം കണക്കാക്കിയുള്ള ഫലവും പരീക്ഷാ ഫലവും ഒരു ദിവസം തന്നെ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കാം എന്നും കോടതി നിരീക്ഷിച്ചു.

സിബിഎസ്‌ഇ പരീക്ഷക്കായി എപ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കംപാര്‍ടുമെന്റ്-ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് കുറച്ചു കുട്ടികളെ ഉള്ളുവെങ്കില്‍ പരീക്ഷ വേഗത്തില്‍ നടത്തിക്കൂടേ എന്ന് കോടതി ചോദിച്ചു. സിബിഎസ്‌ഇ കംപാര്‍ടുമെന്റ് പരീക്ഷ ഓഗസ്റ്റ് 15 മുതല്‍ നടത്താനാണ് ആലോചനയെന്ന് അറ്റോര്‍ജി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലേ പരീക്ഷ നടത്തൂ എന്നും എ ജി വ്യക്തമാക്കി.

കേരളത്തിലെ പതിനൊന്നാം ക്ളാസ് പരീക്ഷയെ സംബന്ധിച്ച ഹര്‍ജിയിലും കോടതി വാദം കേട്ടു. കേരളത്തില്‍ മാത്രമാണോ പരീക്ഷ നടത്തുന്നതെന്ന് കോടതി ചോദിച്ചു. പരീക്ഷ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കേരളം അറിയിച്ചു. ആന്ധ്രപ്രദേശും പരീക്ഷ റദ്ദാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *