ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും

തിരുവനന്തപുരം: ഞാറ്റുവേല ചന്തകളുടെയും കര്‍ഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആണ്ടൂര്‍കോണം പള്ളിപ്പുറം പാടശേഖരത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

കിടപ്പുരോഗികള്‍ ഒഴിച്ച്‌ മുഴുവന്‍ പേരും ദിവസവും അര മണിക്കൂറെങ്കിലും കൃഷിയില്‍ ഏര്‍പ്പെടണം. കൃഷി ചെയ്യാതെ ഭക്ഷണം കഴിക്കാന്‍ എങ്ങനെയാണ് യോഗ്യതയുണ്ടാവുകയെന്ന് നാം ഓരോരുത്തരും ചിന്തിക്കണം. വയലുള്ള കര്‍ഷകന് കൂടുതല്‍ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു ഏക്കര്‍ വയലില്‍ അഞ്ചു കോടി ലിറ്റര്‍ വെള്ളം സംഭരിക്കപ്പെടുന്നുണ്ട്.

വയലിന്റെ മൂല്യം ഇതില്‍ നിന്നു തന്നെ മനസിലാക്കാം. വയലുകള്‍ നികത്തപ്പെടുമ്ബോള്‍ ഈ മൂല്യമാണ് ഇല്ലാതാക്കപ്പെടുന്നത്. വിഷം കലര്‍ന്ന പച്ചക്കറി കഴിച്ച്‌ രോഗികളാകാന്‍ മനസില്ലെന്ന് നാം തീരുമാനിക്കണം. കൃഷി ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ്. കേരളത്തിന്റെ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും മന്ത്രി ചടങ്ങില്‍ വിശദീകരിച്ചു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷികവൃത്തി നഷ്ടത്തിലാണെന്ന് പറഞ്ഞ് സ്ഥലം തരിശിടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ തരിശായി കിടന്ന ഭൂമിയില്‍ കൂടുതല്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. കര്‍ഷക കൃഷിയില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കി. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ പരിമിതമാണെന്നും ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിനോടനുബന്ധിച്ച്‌ മന്ത്രിമാര്‍ വയലില്‍ വിത്തു വിതച്ചു. കര്‍ഷകര്‍ക്ക് വിവിധയിനം തൈകള്‍ വിതരണം ചെയ്തു. വിവിധ ഇനം തൈകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *