പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശ‌സ്‌ത കര്‍ണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2017ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1924ല്‍ പാറശാലയില്‍ പ്രധാനധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായിട്ടായിരുന്നു ജനനം. പരേതനായ ആര്‍. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. സുബ്രഹ്മണ്യം, മഹാദേവന്‍ എന്നിവരാണ് മക്കള്‍.

ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പഠനം. തിരുവനന്തപുരത്തെ സ്വാതിതിരുന്നാള്‍ സംഗീത കോളജിലായിരുന്നു ബിരുദ പഠനം. അവിടത്തെ ആദ്യ സംഗീത വിദ്യാര്‍ത്ഥിനിയും ആദ്യത്തെ വനിതാ പ്രിന്‍സിപ്പലുമായിരുന്നു പൊന്നമ്മാള്‍.

1942ല്‍ സ്വാതി തിരുനാള്‍ മ്യൂസിക് അക്കാദമിയില്‍നിന്നു മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി. 1952ല്‍ അവിടെത്തന്നെ അധ്യാപികയായി ചേര്‍ന്നു. ആദ്യത്തെ സംഗീത അധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആര്‍എല്‍വി സംഗീത കോളേജില്‍ പ്രിന്‍സിപ്പലായി. അവിടെ നിന്നും 1980ല്‍ വിരമിച്ചു.

എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തില്‍ പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ ഗുരുവായിരുന്നു പൊന്നമ്മാള്‍. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന്‍, ഡോ. ഓമനക്കുട്ടി, കുമാരകേരള വര്‍മ, എം.ജി.രാധാകൃഷ്ണന്‍, പൂവരണി കെ.വി.പി.നമ്ബൂതിരി തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.

1965ല്‍ ഗായകരത്നം അവാര്‍ഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാര്‍ഡ്, ചെമ്ബൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം തുടങ്ങിയ ബഹുമതികളും സ്വന്തമാക്കി.

പാറശ്ശാല പൊന്നമ്മാളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കര്‍ണാടക സംഗീതത്തിലെ പാരമ്ബര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കലര്‍പ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവര്‍. തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പാള്‍ ആയിരുന്ന പാറശ്ശാല പൊന്നമ്മാള്‍ സ്വാതിതിരുനാള്‍ അടക്കമുള്ള കേരളീയ വാഗ്വേയകാരന്മാരുടെ കൃതികള്‍ പ്രചരിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തില്‍ സ്ത്രീകള്‍ക്ക് കയറി പാടാന്‍ അവസരം ഉണ്ടായിരുന്നില്ല. അവിടെ ആദ്യമായി കയറി പാടിയത് പാറശ്ശാല പൊന്നമ്മാളായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *