മുഴുവന്‍ ആളുകളെയും വാക്‌സിനേഷന്റെ ഭാഗമാക്കും: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട :സംസ്ഥാനത്തെ മുഴുവന്‍ ആളുകളെയും വാക്‌സിനേഷന്റെ ഭാഗമാക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ .

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സ്വീകരിക്കല്‍, കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ വാക്‌സിനേഷന്‍ അല്ലാതെ മറ്റൊരു വഴിയില്ല. ഇതുവരെ വാക്‌സിനെടുക്കാത്ത എല്ലാവരെയും വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയത്. കഴിഞ്ഞ നിയമസഭാ അസംബ്ലിയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ എല്ലാ ജില്ലാ, താലൂക്ക് തുടങ്ങിയ ആശുപത്രികളിലും ചുരുങ്ങിയത് 10 ഐസലേഷന്‍ വാര്‍ഡുകളെങ്കിലും സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇനി ഒരു തരംഗം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും നേരിടാനും കരുത്താര്‍ജിച്ച ആരോഗ്യ സംവിധാനം സൃഷ്ടിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍.

നെടുമ്പ്രം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ സംഭാവന ചെയ്തതോടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ജനകീയ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ അവര്‍ നടത്തുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നിരവധി സംഭാവനകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളും, കുടുംബശ്രീയും, സഹകരണ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധത്തില്‍ വലിയ പങ്കുവഹിച്ചു. സ്ത്രീ ശാക്തീകരണം വഴി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുടെ സഹകരണ വകുപ്പിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ കോവിഡ് പ്രതിരോധത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഈ കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തികാന്‍ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡിലെയും ഓരോ കുട്ടിക്കു വീതമാണ് മൊബൈല്‍ ഫോണ്‍ കൈമാറിയത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുടുംബശ്രീയുടെ വിഹിതം മന്ത്രി സ്വീകരിക്കുകയും കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ന്യൂ ടെസ്റ്റാമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ നല്‍കിയ കസേരകള്‍ പഞ്ചായത്തിനുവേണ്ടി ഏറ്റുവാങ്ങുകയും ചെയ്തു.

50,000 രൂപയാണ് പഞ്ചായത്തിലെ കുടുംബശ്രീയുടെ വകയായി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയത്. പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളെ നേരിടാന്‍ കുടുംബശ്രീകള്‍ക്കു നല്‍കിയ വായ്പയ്ക്കു സര്‍ക്കാര്‍ നല്‍കിയ സബ്ഡിഡിയിലെ ചെറിയ വിഹിതം സമാഹരിച്ചാണു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുടുംബശ്രീയുടെ വിഹിതം കൈമാറിയതും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, നെടുമ്ബ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ അഡ്വ. ആര്‍.സനല്‍കുമാര്‍, കുടുംബശ്രീ എ.ഡി.എം.സി: കെ.എച്ച്.സലീന, എന്‍.ഐ.സി സൗത്ത് ഇന്ത്യാ കോര്‍ഡിനേറ്റര്‍ പി.പി.ബിജോയ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, നെടുമ്ബ്രം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിനയചന്ദ്രന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പി.കെ സുജ, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കോമളകുമാരി, ജോയി ആറ്റുമാലില്‍, കെ.ജെ മാത്യു, വിജയകുമാര്‍ മണിപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *